Pacer Mohammed Shami's New Year Message Issue
പേസ് താരം മുഹമ്മദ് ഷാമി വീണ്ടും സോഷ്യല്‍ മീഡിയയിലെ യാഥാസ്ഥിതികരുടെ കണ്ണിലെ കരടായി. പുതുവര്‍ഷ ആശംസകള്‍ അറിയിച്ചുള്ള ഷാമിയുടെ പോസ്റ്റാണ് ഇക്കുറി ഇവരെ പ്രകോപിപ്പിച്ചത്. പുതുവര്‍ഷം ആശംസിക്കവെ ശിവലിംഗത്തിന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതിന്റെ പേരിലാണ് ഓണ്‍ലൈനില്‍ താരത്തിനെതിരെ അതിക്രമം. 'പുതുവര്‍ഷം എല്ലാവിധ സന്തോഷങ്ങളെയും പുനരുജ്ജീവിപ്പിക്കും, ആ സന്തോഷം നിങ്ങളുടെ ഹൃദയത്തിലും തിളങ്ങട്ടെ, ഹാപ്പി ന്യൂ ഇയര്‍', എന്ന സന്ദേശത്തിനൊപ്പം നല്‍കിയ ചിത്രത്തിലാണ് ശിവലിംഗ രൂപം കൂടി ഷാമി പോസ്റ്റ് ചെയ്തത്. ഇതോടെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ എയ്ത് തുടങ്ങി. ഇസ്ലാമിന് വിരുദ്ധമായ കാര്യമാണ് താരം ചെയ്തതെന്നാണ് ഒരു സംഘം ട്വിറ്ററുകാര്‍ കണ്ടെത്തിയത്. വെറുപ്പ് തോന്നിക്കുന്ന വ്യക്തിയെന്ന് ചിലര്‍ വിളിച്ചപ്പോള്‍ അള്ളാവിന്റെ രോഷം ഏറ്റുവാങ്ങേണ്ടി വരുമെന്നായിരുന്നു മറ്റ് ചിലരുടെ മുന്നറിയിപ്പ്. എന്നാല്‍ ഇതൊക്കെ വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ചിന്തിച്ചവരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ കനത്ത ട്രോളിന് ഷാമി വിധേയനാകുന്നത് ഇത് മൂന്നാം തവണയാണ്. മുന്‍പ് മകളുടെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതിനും, ഭാര്യ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ചതിനും വരെ ഷാമി സോഷ്യല്‍ മീഡിയയിലെ തീവ്രവിഭാഗത്തിന്റെ ശകാരം ഏറ്റുവാങ്ങിയിട്ടുണ്ട്.